വിദ്യാജാലകം: എന്തിനെക്കുറിച്ചുമുള്ള നമ്മുടെ സംശയങ്ങള്‍ ചോദിക്കുവാനും അവയുടെ ഉത്തരങ്ങള്‍ നമുക്കിടയില്‍ നിന്നു തന്നെ കണ്ടെത്തുവാനുമുള്ള ഒരു സ്വതന്ത്ര വേദി. ഈ ജാലകം നമുക്കു മുന്‍പില്‍ ഇതാ തുറക്കപ്പെടുന്നു. വിജ്ഞാനത്തിന്റെ കൈത്തിരിയുമായി ഇവിടേക്കു കടന്നു വരാന്‍ ഏവര്‍ക്കും സ്വാഗതം.ഇടതു വശത്തായി ഓരോ വിഷയത്തിനും പ്രത്യേകം ലിങ്കുകള്‍ കൊടുത്തിരിക്കുന്നു. ഏതു വിഷയത്തിലുമുള്ള നിങ്ങളുടെ സംശയങ്ങളും ചോദ്യങ്ങളും ആ വിഷയത്തിന്റെ ലിങ്കില്‍ ക്ലിക്ക് ചെയ്തു പ്രസ്തുത വിഷയത്തിന്റെ പോസ്റ്റില്‍ കമന്റായി ചോദിക്കാം. ചോദ്യങ്ങള്‍ ലഭിക്കുന്ന മുറയ്ക്ക് പ്രധാന താളില്‍ ആ ചോദ്യം അപ്ഡേറ്റ് ചെയ്യപ്പെടുന്നതായിരിക്കും. സംശയം തീര്‍ക്കാന്‍ കഴിയുന്ന ആര്‍ക്കും അപ്ഡേറ്റ് ചെയ്യപ്പെട്ട ചോദ്യത്തിനോട് ചേര്‍ന്നുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തു ഉത്തരങ്ങള്‍ കമന്റ്‌ ആയി നല്‍കാം. അങ്ങിനെ പരസ്പരമുള്ള ആശയവിനിമയത്തിലൂടെ അറിവുകള്‍ പങ്കു വയ്ക്കാനുള്ള ഒരു സ്വതന്ത്ര വേദിയാക്കി മാറ്റുക വിദ്യാജാലകത്തെ.


കണികാ പരീക്ഷണം എന്നത് എന്താണ്.? എന്ത് കണ്ടെത്താനുള്ള പരീക്ഷണമാണിത്.?

താഴെ ഉള്ള ചോദ്യം വിദ്യാജാലകത്തിലെ ശാസ്ത്രം - സാങ്കേതികം എന്ന വിഭാഗത്തില്‍ ചോദിച്ചതാണ്. പ്രസ്തുത ചോദ്യത്തെക്കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ അറിയാവുന്നവര്‍ ഒന്ന് വിശദമാക്കാമോ?

കണികാ പരീക്ഷണം എന്നത് എന്താണ്... എന്ത് കണ്ടെത്താനുള്ള പരീക്ഷണമാണിത്. ആരെങ്കിലും വിശദമാക്കാമോ?

1 comments:

ജിക്കൂസ് ! November 21, 2009 at 5:54 PM  

കുറിഞ്ഞി ഓണ്‍ലൈന്‍ ഇതിനെ കുറിച്ച് പറയുന്നത് ഇങ്ങനെ........

"പ്രോട്ടോണുകളെ തമ്മില്‍ കൂട്ടിയിടിപ്പിച്ച്‌ പ്രപഞ്ചരഹസ്യം കണ്ടെത്താനാകുമോ? പ്രോട്ടോണുകളുടെ വലിപ്പമെന്തെന്ന്‌ ഏകദേശ ധാരണയുണ്ടെങ്കില്‍ ഈ ചോദ്യത്തിന്റെ ഉത്തരം എളുപ്പമാകും. ഈ പേജില്‍ കാണുന്ന ഏതെങ്കിലും ഒരു കുത്ത്‌ (ഫുള്‍സ്റ്റോപ്പ്‌) പരിഗണിക്കുക. ഇത്തരം ഒരു കുത്തിടുന്ന സ്ഥലത്ത്‌ പതിനായിരം കോടി പ്രോട്ടോണുകള്‍ക്ക്‌ സുഖമായിരിക്കാം! അത്രമേല്‍ സൂക്ഷ്‌മമാണ്‌ ഓരോ പ്രോട്ടോണുകളും. അങ്ങനെയെങ്കില്‍, അവയെ കൂട്ടിയിടിപ്പിച്ച്‌ പ്രപഞ്ചത്തിന്റെ സാരം മനസിലാക്കാമെന്ന്‌ പറയുന്നത്‌ അല്‍പ്പം കടന്നകൈ ആവില്ലേ. ആവില്ലെന്ന്‌ ഗവേഷകര്‍ പറയുന്നു. മാത്രമല്ല, മനുഷ്യന്‍ നിര്‍മിച്ചിട്ടുള്ളതില്‍ വച്ചേറ്റവും വലിയ യന്ത്രത്തിന്റെ സഹായത്തോടെ ഈ സാധ്യത പരീക്ഷിക്കാന്‍ ഒരുങ്ങുകയാണ്‌ ഗവേഷകലോകം. ആറ്റത്തിന്റെ അഗാധസങ്കീര്‍ണതയിലേക്കും പ്രപഞ്ചത്തിന്റെ അനന്തവിശാലതയിലേക്കും മനുഷ്യവിജ്ഞാനത്തിന്റെ സീമകളെ വ്യാപിപ്പിക്കാന്‍ പോന്ന, ചരിത്രത്തിലെ ഏറ്റവും വലിയ ശാസ്‌ത്രപരീക്ഷണം ആരംഭിക്കുകയാണ്‌.

സ്വിറ്റ്‌സര്‍ലന്‍ഡില്‍ ജനീവ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന യൂറോപ്യന്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ ന്യൂക്ലിയര്‍ റിസര്‍ച്ചില്‍ (സേണ്‍-CERN) ഭൂമിക്കടിയില്‍ നിര്‍മിച്ചിട്ടുള്ള 'ലാര്‍ജ്‌ ഹാഡ്രോണ്‍ കൊളൈഡര്‍'(LHC) ഉപയോഗിച്ചാണ്‌ കണികാപരീക്ഷണം നടത്തുക. എതിര്‍ദിശയില്‍ ഏതാണ്ട്‌ പ്രകാശവേഗത്തില്‍ സഞ്ചരിക്കുന്ന പ്രോട്ടോണ്‍ ധാരകളെ (അല്ലെങ്കില്‍ ലെഡ്‌ അയണ്‍ധാരകളെ) കൂട്ടിയിടിപ്പിച്ചു ചിതറിച്ച്‌ അതില്‍നിന്ന്‌ പുറത്തു വരുന്നത്‌ എന്തൊക്കെയെന്ന്‌ മനസിലാക്കുകയാണ്‌ പരീക്ഷണത്തില്‍ ചെയ്യുക. ഇതുവരെ മനുഷ്യന്‌ സാധ്യമായിട്ടില്ലാത്തത്ര ഉന്നത ഊര്‍ജനിലയിലും ഊഷ്‌മാവിലുമാണ്‌ പരീക്ഷണം നടക്കുക. സപ്‌തംബര്‍ പത്തിന്‌ ആരംഭിക്കുമെന്ന്‌ പ്രഖ്യാപിക്കപ്പെട്ട പരീക്ഷണം പതിനഞ്ച്‌ വര്‍ഷത്തോളം നീളും. പ്രപഞ്ചത്തിന്റെ ഉള്ളടക്കത്തെ സംബന്ധിച്ച്‌ ഇനിയും പൂരിപ്പിക്കാനുള്ള സമസ്യകള്‍ക്ക്‌ ഉത്തരം തേടുകയാണ്‌ മുഖ്യലക്ഷ്യം. ഒരുപക്ഷേ, നിലവിലുള്ള പല സിദ്ധാന്തങ്ങളും സ്ഥിരീകരിക്കപ്പെട്ടേക്കാം, അല്ലെങ്കില്‍ അവ കടപുഴകി പുതിയ സിദ്ധാന്തങ്ങള്‍ക്കു സാധ്യത തുറന്നേക്കാം. എന്നാല്‍, മനുഷ്യന്‌ അപരിചിതമായത്ര ഉയര്‍ന്ന ഊര്‍ജനിലയിലും ഊഷ്‌മാവിലും നടക്കുന്ന കണികാപരീക്ഷണം ഭൂമിയുടെ തന്നെ നിലനില്‍പ്പ്‌ അപകടത്തിലാക്കില്ലേ എന്ന്‌ ആശങ്കപ്പെടുന്നവരുമുണ്ട്‌. ഇക്കാരണത്താല്‍ പരീക്ഷണം തടയണം എന്നാവശ്യപ്പെട്ട്‌ ഒരു അമേരിക്കന്‍ കോടതിയില്‍ ഹര്‍ജി പോലും സമര്‍പ്പിക്കപ്പെട്ടിട്ടുണ്ട്‌. ഏതു നിലയ്‌ക്കായാലും ഈ മഹാപരീക്ഷണത്തിന്‌ ശേഷം ലോകം ഒരിക്കലും പഴയതുപോലെ ആവില്ല എന്ന്‌ ഉറപ്പിക്കാം.

ഏറ്റവു വലിയ യന്ത്രം
പത്തുവര്‍ഷം കൊണ്ട്‌ ആയിരം കോടി ഡോളര്‍ (ഏതാണ്ട്‌ 43000 കോടി രൂപ) ചെലവിട്ട്‌ നിര്‍മിച്ച ലാര്‍ജ്‌ ഹാഡ്രോണ്‍ കൊളൈഡര്‍, മനുഷ്യനിര്‍മിതമായ ഏറ്റവും വലുതും സങ്കീര്‍ണവുമായ യന്ത്രമാണ്‌. അമ്പതോളം രാജ്യങ്ങളില്‍ നിന്നായി ആയിരക്കണക്കിന്‌ ശാസ്‌ത്രജ്ഞര്‍ ഈ പദ്ധതിയില്‍ പങ്കുചേര്‍ന്നിരിക്കുന്നു. നൂറുകണക്കിന്‌ സര്‍വകലാശാലകളും ഗവേഷണസ്ഥാപനങ്ങളും ഒപ്പമുണ്ട്‌. സ്വിറ്റ്‌സര്‍ലന്‍ഡിന്റെയും ഫ്രാന്‍സിന്റെയും അതിര്‍ത്തിയില്‍ ഭൂമിക്കടിയില്‍ നൂറുമീറ്റര്‍ ആഴത്തിലാണ്‌ ഈ യന്ത്രം സ്ഥാപിച്ചിരിക്കുന്നത്‌. 27 കിലോമീറ്റര്‍ ചുറ്റളവുള്ള ഹാഡ്രോണ്‍ കൊളൈഡറിലെ വൃത്താകൃതിയിലുള്ള ടണലിലൂടെ, പ്രോട്ടോണ്‍ധാരകളെ വിപരീതദിശകളില്‍ കടത്തിവിട്ട്‌ വേഗം വര്‍ധിപ്പിച്ച്‌ അത്യുന്നത ഊര്‍ജനിലയില്‍ പരസ്‌പരം കൂട്ടിയിടിപ്പിച്ചു ചിതറിപ്പിക്കുകയാണ്‌ ചെയ്യുക.
അതിചാലകകാന്തങ്ങളുപയോഗിച്ചാണ്‌ പ്രോട്ടോണ്‍ധാരകളുടെ വേഗം ഓരോ നിമിഷവും വര്‍ധിപ്പിപ്പിക്കുകയും, ടണലിന്റെ വൃത്തപരിധിയിലൂടെ അവയെ ശരിയായ പാതയില്‍ സഞ്ചരിപ്പിക്കുകയും ചെയ്യുക. 9300 കാന്തങ്ങള്‍ കൊളൈഡറില്‍ ഇതിനായി ഉപയോഗിച്ചിരിക്കുന്നു. ഇവയുടെ മൊത്തം ഭാരം കണക്കാക്കിയാല്‍ ഈഫല്‍ ഗോപുരത്തെക്കാള്‍ കൂടുതല്‍ വരും! കാന്തങ്ങളുടെ പ്രേരണയാല്‍ അതിഊര്‍ജനില കൈവരിക്കുന്ന പ്രോട്ടോണ്‍ധാരകള്‍, പ്രകാശത്തതിന്റെ ഏതാണ്ട്‌ 99.99 ശതമാനം വേഗത്തിലാണ്‌ സഞ്ചരിക്കുക. ഓരോ പ്രോട്ടോണും സെക്കന്‍ഡില്‍ 11,245 തവണ ഹാഡ്രോണ്‍ കൊളൈഡറിന്റെ വൃത്താകൃതിയുള്ള ടണലില്‍ ചുറ്റി സഞ്ചരിക്കും. ഇന്നുവരെ മനുഷ്യന്‌ സാധ്യമായിട്ടില്ലാത്തത്ര ഊര്‍ജനിലയിലാണ്‌ ഇവ കൂട്ടിയിടിക്കുക; 14 ട്രില്യണ്‍ വോള്‍ട്ടില്‍ (ഒരു ട്രില്യണ്‍=ഒരു ലക്ഷം കോടി). കൂട്ടിയിടിയുടെ വേളയില്‍ സൂര്യന്റെ അകക്കാമ്പിലേതിന്റെ ഒരുലക്ഷം മടങ്ങ്‌ ഊഷ്‌മാവ്‌ സൃഷ്ടിക്കപ്പെടും. ഇത്തരം 6000 ലക്ഷം കണികാകൂട്ടിയിടികള്‍ ഓരോ സെക്കന്‍ഡിലും അരങ്ങേറും. അപ്പോള്‍ ഉണ്ടായേക്കാവുന്ന സംഗതികള്‍ പ്രപഞ്ചസമസ്യകള്‍ക്ക്‌ ഉത്തരമാകുമെന്നാണ്‌ പ്രതീക്ഷ.


"