വിദ്യാജാലകം: എന്തിനെക്കുറിച്ചുമുള്ള നമ്മുടെ സംശയങ്ങള്‍ ചോദിക്കുവാനും അവയുടെ ഉത്തരങ്ങള്‍ നമുക്കിടയില്‍ നിന്നു തന്നെ കണ്ടെത്തുവാനുമുള്ള ഒരു സ്വതന്ത്ര വേദി. ഈ ജാലകം നമുക്കു മുന്‍പില്‍ ഇതാ തുറക്കപ്പെടുന്നു. വിജ്ഞാനത്തിന്റെ കൈത്തിരിയുമായി ഇവിടേക്കു കടന്നു വരാന്‍ ഏവര്‍ക്കും സ്വാഗതം.ഇടതു വശത്തായി ഓരോ വിഷയത്തിനും പ്രത്യേകം ലിങ്കുകള്‍ കൊടുത്തിരിക്കുന്നു. ഏതു വിഷയത്തിലുമുള്ള നിങ്ങളുടെ സംശയങ്ങളും ചോദ്യങ്ങളും ആ വിഷയത്തിന്റെ ലിങ്കില്‍ ക്ലിക്ക് ചെയ്തു പ്രസ്തുത വിഷയത്തിന്റെ പോസ്റ്റില്‍ കമന്റായി ചോദിക്കാം. ചോദ്യങ്ങള്‍ ലഭിക്കുന്ന മുറയ്ക്ക് പ്രധാന താളില്‍ ആ ചോദ്യം അപ്ഡേറ്റ് ചെയ്യപ്പെടുന്നതായിരിക്കും. സംശയം തീര്‍ക്കാന്‍ കഴിയുന്ന ആര്‍ക്കും അപ്ഡേറ്റ് ചെയ്യപ്പെട്ട ചോദ്യത്തിനോട് ചേര്‍ന്നുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തു ഉത്തരങ്ങള്‍ കമന്റ്‌ ആയി നല്‍കാം. അങ്ങിനെ പരസ്പരമുള്ള ആശയവിനിമയത്തിലൂടെ അറിവുകള്‍ പങ്കു വയ്ക്കാനുള്ള ഒരു സ്വതന്ത്ര വേദിയാക്കി മാറ്റുക വിദ്യാജാലകത്തെ.


പ്രണയം പാടുന്നു...

അനുരാഗികള്‍ക്കിടയിലൊരു
വിശുദ്ധ പ്രതിജ്ഞയുണ്ട്
തമ്മില്‍ തേടാന്‍...."
ഒരാള്‍ മറ്റേ ആളെ തേടി കൊണ്ടിരിക്കുക. ആ ആള്‍ എവിടെ എന്ന് അറിയാതിരിക്കുക. ഒരിക്കല്‍ പോലും കണ്ടില്ലെങ്കിലും പ്രണയിച്ചു കൊണ്ടേയിരിക്കുക. ചാവുന്ന വേദനയോടെ അലഞ്ഞു തിരിയുക. അത് കലര്‍പ്പില്ലാത്ത പ്രണയമാണ്. അവിടെ ഉടലുകള്‍ക്ക്‌ പ്രത്യേകിച്ചൊരു ക്രിയയുമില്ല. നല്ല വസ്ത്രം ധരിച്ചു സുഗന്ധദ്രവ്യത്തില്‍ മുങ്ങി ലിപ്സ്റ്റിക്ക്‌ അണിഞ്ഞ പ്രണയത്തെ കുറിച്ചല്ല. ആ പ്രണയം വെയിലത്തോ മഴയത്തോ നില്‍ക്കട്ടെ. ഉടല്‍ എന്നതിനപ്പുറം അത് ഒന്നുമല്ല. പ്രണയത്തിന്റെ മണമില്ലാത്ത സൌന്ദര്യ വസ്തു.
"പ്രണയത്തെ ഞാന്‍
എത്ര വര്‍ണ്ണിച്ചാലും
അതില്‍ മുങ്ങുമ്പോള്‍
ഞാന്‍ ലജ്ജാലുവാകുന്നു .
പ്രണയത്തെ വിവരിയ്ക്കുമ്പോള്‍
എന്‍റെ ബുദ്ധി
ചേറില്‍പ്പെട്ട കഴുതയെപ്പോലെ
തലകുത്തി വീഴുന്നു .
പ്രണയത്തിനു മാത്രമേ
പ്രണയത്തിന്റേയും,പ്രണയികളുടെയും
നിഗൂഢതകള്‍ മനസ്സിലാകൂ.
റൂമി പാടുകയെന്നാല്‍ കാണാമറയത്തെ സൂഫി പാടുക എന്നാണു. ഓരോ പദവും നമ്മുടെ ചേതനയില്‍ പൊട്ടിത്തെറിക്കുന്ന വെളിച്ചം. റൂമി പ്രണയിച്ചത്‌ ടബ്രിസിലെ ഷംസുദ്ദീന്‍ എന്ന സൂഫിയെ. അവിടെ പ്രണയം എന്നുപയോഗിക്കുമ്പോള്‍ അത് പുരുഷനും പുരുഷനും എന്ന് കണ്ടു നെറ്റി ചുളിക്കണ്ട. പണ്ട് മുതല്‍ ഇക്കാലത്തിലൂടെ തുടരുന്ന സ്വവര്‍ഗ രതിയോടു കൂട്ടി വായിക്കുകയും വേണ്ട. എന്താണ് പ്രണയം? അത് നമുക്ക് ആണും പെണ്ണും തമ്മിലുള്ളത്. അടുപ്പം എന്നോ ഇഷ്ടം എന്നോ ഒക്കെയാകും മറുപടി. അതും വിവാഹത്തിനു മുമ്പ്. അപ്പോള്‍ വിവാഹത്തിനു ശേഷമോ? സത്യത്തില്‍ നാമൊന്നും പ്രണയിക്കാന്‍ വളര്‍ന്നിട്ടില്ല. ഒരാണും പെണ്ണും തമ്മിലുള്ള അടുപ്പം, എന്തിനു ഒരുമിച്ചൊരു ബസ് യാത്ര പോലും അസ്വസ്ഥതയോടെ വീക്ഷിക്കുന്ന സമൂഹത്തിന് പ്രണയം എന്നത് ഒരു ദുഷിച്ച ഏര്‍പ്പാട് ആയി കാണുന്നതില്‍ അത്ഭുതമില്ല. അത് രണ്ടു മതങ്ങളില്‍ ഉള്ളവര്‍ തമ്മിലെങ്കിലോ! നമുക്ക് പ്രണയിക്കുക എന്നാല്‍ കല്യാണം കഴിക്കുന്നതിനു വേണ്ടി. അപ്പോള്‍ മതം മാറ്റവും ഒളിച്ചോട്ടവും ഉണ്ടാകുന്നു. രണ്ടു മതത്തില്‍ ഉള്ളവര്‍ ഒരുമിച്ചു ജീവിക്കുന്നത് എന്തുകൊണ്ടാണ് നമ്മെ ഇങ്ങനെ അസ്വസ്ഥമാക്കി കൊണ്ടിരിക്കുന്നത്? കേരളം പ്രബുധതക്ക് പേരു കേട്ട നാടെന്ന് പറയുന്നു.

പ്രണയം എന്നാല്‍ വിപ്ലവം തന്നെ. എതിരിടലാണ് . യുദ്ധമാണ്. അത് ആ അര്‍ത്ഥത്തില്‍ എടുക്കാവുന്നത് ആത്മാവും ആത്മാവും തമ്മിലുള്ള അടുപ്പം, പരിണയം എന്ന നിലക്കാണ്. അവിടെ ഉടലിനു പ്രസക്തിയില്ല. എന്ന് പറഞ്ഞാല്‍ കാമ വിചാരങ്ങള്‍ ഇല്ല എന്ന് തന്നെ.

ആദ്യമായി ഒരു പ്രണയകഥ
കേട്ട നിമിഷം മുതല്‍
ഞാന്‍ നിനക്കായുള്ള
തിരച്ചില്‍ തുടങ്ങി.
എനിയ്ക്കറിയില്ലായിരുന്നു
എത്ര അന്ധമാണതെന്ന്!
പ്രണയികള്‍ പരസ്പ്പരം
കണ്ടുമുട്ടണമെന്നില്ല.
എന്തെന്നാല്‍ അവര്‍
എന്നേ ഒന്നായലിഞ്ഞവര്‍

നാം കാണുന്ന ലോകത്തിനു അപ്പുറം മറ്റൊരു ലോകമുണ്ട്. അത് ഭൂമിക്കു അടിയിലോ ആകാശത്തിനു അപ്പുറമോ അല്ല. അത് ആന്തരീകമായ തലമാണ്. ഓരോ വ്യക്തിക്ക് ഉള്ളിലും മറ്റൊരു വ്യക്തി ഉള്ളതും ആ വ്യക്തി കാണാവുന്ന വ്യക്തിയോട് എതിരിടുന്നതും. അപ്പോള്‍ മനുഷ്യന്‍ എന്ന നിലയില്‍ സത്യമായിട്ടുള്ളത്‌ നമുക്ക് കാണാവുന്ന ഉടല്‍ അല്ല എന്ന് വരുന്നു. അത് ആന്തരീക മനുഷ്യന്‍ തന്നെ. കാണാവുന്ന മനുഷ്യന്‍ ദെഹെശ്ചയുടെ , അഹങ്കാരത്തിന്റെ കൂടാണ്. ആ അഹങ്കാരത്തെ ഇശ്ചകളെ വെടിയുംബോഴാണ് ആന്തരീക തലത്തെ അറിയാനാവുക. ഒരാള്‍ തന്റെ ദെഹെശ്ചയൊട് യുദ്ധം ചെയ്യുന്നതിനെയാണ് അറബി പദമായ ജിഹാദ് എന്ന് പറയുന്നത്. അതിന്റെ അര്‍ഥം വിശുദ്ധ യുദ്ധം എന്ന് തന്നെ. ചിലര്‍ ആ പദം ദുരുപയോഗം ചെയ്തു സഹ ജീവികളെ കൊന്നൊടുക്കാന്‍ ഉപയോഗിക്കുന്നു. മറ്റു ചിലരോ അതെ പദം കൊണ്ട് ഒരു സമുദായത്തെ ഇല്ലായ്മ ചെയ്യാനും ശ്രമിക്കുന്നു. യുദ്ധം ചെയ്യുന്നവനും അതിനു പ്രേരിപ്പിക്കുന്നവനും അഹങ്കാരത്തിന്റെ, ദെഹെശ്ചയുടെ ഇടപെടല്‍ തന്നെ. ഇക്കാലത്ത് മതങ്ങളെ പോറ്റുകയും ദൈവത്തിന്റെ സംരക്ഷകര്‍ എന്ന് നടിച്ചു സമൂഹത്തെ ഭരിക്കുകയും ചെയ്യുന്നവര്‍ ഉടലിന്റെ ദാഹം അല്ലാതെ മറ്റെന്ത്! കണ്‍ മുന്നിലെ ദാരിദ്ര്യം കാണാതെ മറു ലോകത്തെ സ്വര്‍ഗത്തെ കുറിച്ചാണ് അവര്‍ വാചാലരാകുക. അത് കൂടുതല്‍ ഭൌതീക വല്ക്കരണമോ, നരക വല്ക്കരണമോ ആണ്. എന്നാല്‍ യഥാര്‍ത്ഥ ശാന്തി അവനവനില്‍ ഇരിക്കെ നാം നിഴലുകള്‍ക്ക് പുറകെ വച്ച് പിടിക്കുകയാണ്. അശാന്തരായി കാലത്തിന്റെ പെരുവഴിയില്‍ പരക്കം പായുകയും. ഉള്ളിന്റെ ഉള്ളിലെ ആരാധനാലയം വെടിഞ്ഞു കല്ല്‌ കൊണ്ട് പണിത കെട്ടിടങ്ങളിലേക്ക് ഓടുന്നു. അങ്ങനെ ഓടി തീരുന്ന ജീവിതങ്ങളാണ് ചുറ്റിലും.
1244 ല്‍ ഷംസുദ്ദീന്‍ എന്ന സൂഫി കൊന്യയില്‍ എത്തുമ്പോള്‍ റൂമി മതാധ്യാപകന്‍ ആയിരുന്നു. അവര്‍ തമ്മിലുള്ള കാഴ്ച റൂമിയില്‍ വല്ലാത്തൊരു ചലനം ഉണ്ടാക്കി. രണ്ടു നദികള്‍ രണ്ടിടങ്ങളില്‍ നിന്നും ഒഴുകി വന്നു താഴ്വരയില്‍ ഒരുമിച്ചു പതിക്കുന്നത് പോലെ, അവിടെ ഒന്നാകുന്നത്.. ആ കൂടി ചേരലിനെ രണ്ടു സമുദ്രങ്ങള്‍ കൂടി ചേര്‍ന്ന് എന്നാണു ചരിത്രത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നത്.

നീ നിനക്കുന്നു
പ്രശ്നങ്ങള്‍ക്കാധാരം
നീയെന്ന്.
നീ കവാടത്തിന്റെ തുറക്കാനാവാത്ത
പൂട്ടെന്നും .
എന്നാല്‍ ,നീ പ്രശ്നപരിഹാരിയാണ്,
താക്കോലും നീ തന്നെ
സ്വന്തം മുഖവും സൌന്ദര്യവും
നീ കാണുന്നില്ല ,
നിനക്ക് മറ്റൊരാളാകാന്‍ മോഹം !
എനിക്കറിയാം ,നിന്റെ മുഖത്തേക്കാള്‍
സുന്ദരമായി മറ്റൊന്ന്
കണ്ടെത്താനാവില്ലെന്ന്. "
ഒരുവേള റൂമിയെ തേടി ഷംസുദീന്‍ പുരപ്പെട്ടിരിക്കാം. അങ്ങനെ ഒരാള്‍ വരാനുണ്ടെന്ന ബോധം റൂമിയില്‍ പണ്ടേ ഉണ്ടായിരിക്കാം. അതായത് തന്റെ ആത്മാവിന് ഒരു വിടവുണ്ടെന്നും അത് നികത്താന്‍ അതിനോടൊത്ത ഒന്ന് വന്നു ചേരുമെന്നും അറിയുക. തന്റെ അപൂര്‍ണത എന്താണോ അതുതന്നെയാണ് ഷംസുദ്ദീനില്‍ റൂമി ദര്‍ശിച്ചത്. അതോടെ അതുവരെ ഉണ്ടായിരുന്ന റൂമിയുടെ ജീവിതം തകിടം മറിഞ്ഞു. അവിടെ ദര്‍ശിക്കാവുന്നത് രണ്ടു വ്യക്തികളുടെ സംഗമമല്ല; രണ്ടു ഉടലുകളിലായി നിലനില്‍ക്കുന്ന രണ്ടു മനുഷ്യരുടെ, ആത്മാക്കളുടെ ലയം. ഓരോ മനുഷ്യന്റെയും ഉള്ളിലുള്ള ആ മനുഷ്യന്‍, ആത്മാവ് ആ പരാശക്തിയുടെ ഭാഗം തന്നെ. യാതൊരുവന്‍ സ്പര്‍ശിക്കുന്നത് ആ ആന്തരീക ചൈതന്യതെയാണോ അത് പരാശക്തി തന്നെയാണ്. ആ ചൈതന്യങ്ങള്‍ തമ്മിലാണ്, ആ ആന്തരീക മനുഷ്യര്‍ തമ്മിലാണ് അറിഞ്ഞത്. അവിടെ ഉടലിനു പ്രത്യേകിച്ചൊന്നുമില്ല.
"പ്രണയം ദൈവദത്തമാണ്
പ്രണയം ദൈവദത്തമാണ്
അത് അനശ്വരമായി നിലനില്‍ക്കുന്നു .
പ്രണയത്തെ തേടുന്നവന്‍
ജനിമൃതികളുടെ ചങ്ങലകളില്‍നിന്നും
രക്ഷനേടുന്നു.
ഒരിയ്ക്കല്പോലും പ്രണയം
അനുഭവിയ്ക്കപ്പെടാത്ത ഹൃദയങ്ങള്‍
ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെ നാളില്‍
കണക്കെടുപ്പില്‍ പരാജിതരാകുന്നു. "

തുടര്‍ന്ന് റൂമി പാടുന്നു:

ഒന്നായലിഞ്ഞവര്‍
ആദ്യമായി ഒരു പ്രണയകഥ
കേട്ട നിമിഷം മുതല്‍
ഞാന്‍ നിനക്കായുള്ള
തിരച്ചില്‍ തുടങ്ങി.
എനിയ്ക്കറിയില്ലായിരുന്നു
എത്ര അന്ധമാണതെന്ന്!
പ്രണയികള്‍ പരസ്പ്പരം
കണ്ടുമുട്ടണമെന്നില്ല.
എന്തെന്നാല്‍ അവര്‍
എന്നേ ഒന്നായലിഞ്ഞവര്‍ "
പരാശക്തിയെ അറിയുക, കേള്‍ക്കുക എന്നതിലൊന്നും സൂഫികള്‍ വിശ്വസിക്കുന്നില്ല. അവര്‍ വിശ്വാസികളെ അല്ല. അവരുടെ വിശ്വാസം നിരാസം തന്നെ. അവര്‍ പരാശക്തിയെ അനുഭവിക്കുകയാണ്. കാറ്റിനെ അറിയണമെങ്കില്‍ പഠനമാകാം. കാറ്റിനെ അനുഭവിക്കാന്‍ അത്രക്കൊന്നും പോകണ്ട. ഇവിടെയാണ്‌ ഷംസുദ്ദീനിലെ പരാശക്തിയുടെ ചൈതന്യം റൂമിയിലെ ചൈതന്യത്തോട്‌ ചേരുന്നത്. അവര്‍ ഒരേ കൂരയില്‍ ദിവസങ്ങളോളം സംസാരത്തില്‍ മുഴുകി. സംഗീതത്തില്‍ മതിമറന്നു. അത് ശിക്ഷ്യരിലും മറ്റു സ്നെഹിതരിലുമ് ഒരുതരം സംശയവും അസ്വസ്ഥതയും ഉളവാക്കി. അവര്‍ അത് സ്വവര്‍ഗ രതിയായി എടുത്തിരിക്കാം. ഷംസുദ്ദീനും റൂമിയും തമ്മില്‍ ഉണ്ടായിരുന്നത് ആന്തരീകമായ തലത്തിലെ പ്രണയം തന്നെ ആയിരുന്നു. നമ്മുടെ പ്രണയങ്ങള്‍ കേവലം ഉടലിന്റെ ആസക്തിക്ക് അപ്പുറം പോകാറില്ലല്ലോ. അതില്‍ വിവാഹം, ജാതി മതങ്ങള്‍, സമ്പത്ത്‌ പോലുള്ളവ കയറികൂടുന്നു. പ്രണയിക്കുക എന്നാല്‍ ആന്തരീക മനുഷ്യര്‍ തമ്മില്‍ ചേരുക എന്ന് തന്നെ. യാതൊരു ഉടമ്പടിയും ഇല്ലാതെ അങ്ങനെ ലയിക്കുക. അത് സ്ത്രീയോ പുരുഷനോ അല്ലാത്ത തലം. നമ്മുടെ പ്രണയം ആ തലത്തിലേക്ക് വളരുന്നില്ല. അതുകൊണ്ട് നമ്മുടെ ചിന്തയും ഇടുങ്ങുന്നു. അവിടെയാണ് ജാതി മതങ്ങള്‍ ധനം ഒക്കെ ഇടപെടുക. യഥാര്‍ത്ഥ പ്രണയം ചട്ടകൂടുകള്‍ക്ക് വഴങ്ങുന്നില്ല. അതിനെ അളക്കാന്‍ പോന്ന ഒരു മുഴക്കോലും ഇല്ല തന്നെ. പ്രണയിക്കുക എന്നാല്‍ ഉടലിനെ നിരസിക്കുക എന്നോ, മനുഷ്യ നിര്‍മിതമായ സകലതിനെയും നിഷേധിക്കുക എന്നോ ആണ്.
ഷംസുദ്ദീന്‍ പറയുന്നത് ശ്രദ്ധിക്കുക: " അഹങ്കാരത്തെ ആത്മ ബോധത്തില്‍ നിന്നും വേര്‍പ്പെടുത്താന്‍ ആവില്ലെന്കില്‍ അജ്ഞ്ഞതയത്രേ ഉത്തമം."

ആ വചനം റൂമിയെ മാറ്റി മറിച്ചു. അത് തന്റെ അതുവരെ ആര്‍ജിച്ച പാണ്ടിത്യത്തെ പോലും ചോദ്യം ചെയ്യലായി തോന്നി. റൂമി ഏറ്റവും വിലപ്പെട്ടതെന്നു കരുതി സൂക്ഷിച്ചു പോന്ന ഗ്രന്ഥശേഖരം ഷംസുദ്ദീന്‍ എടുത്ത്‌ കുളത്തിലെറിഞ്ഞു. അത് റൂമിയെ ദു:ഖിതനാക്കി. കൊടിയ നിരാശയിലും. തന്റെ ചങ്ങാതി വിഷമിക്കുന്നതുകണ്ട് ഷംസുദ്ദീന്‍ ആ പുസ്തകം അത്രയും കുളത്തില്‍ നിന്നും നനവ് പറ്റാതെ തിരികെ എടുത്ത്‌ കൊടുത്തു എന്നാണു കഥ. തുടര്‍ന്ന് റൂമിയോടു ചൊല്ലി: " അല്ലാഹുവിന്റെ അത്ഭുതങ്ങള്‍ അറിയാന്‍ നിനക്കെന്തിനു ഗ്രന്ഥങ്ങള്‍?"
സൂഫികള്‍ ചട്ടകൂടുകള്‍ക്ക് വഴങ്ങാത്തവര്‍. ഗ്രന്ഥങ്ങള്‍ ചട്ടകൂടുകള്‍, തടവറകള്‍ തീര്‍ക്കുന്നു എന്നവര്‍ വിശ്വസിക്കുന്നു. അവിടെയാണ് അവിശ്വാസത്തിന്റെ പാത തുറക്കപ്പെടുക. അതുവരെ അറിഞ്ഞതൊക്കെയും അജ്ഞതയായി അറിയുന്നു.. അവരുടെ വീഥികളില്‍ കാറ്റ് മൌനം മുറിക്കുന്നു. അവര്‍ക്ക് മാത്രം അറിയുന്ന ഭാഷയില്‍ വാചാലമാകുകയും. അത് സ്നേഹത്തിന്റെ ഭാഷയാണ്. സ്നേഹത്തിനു ജാതിയോ മതമോ ലിംഗമോ നിറമോ ഭാഷയോ ഇല്ല. അതേ സ്നേഹം തന്നെയാണ് കൂട് വിട്ടു പോയ മുളന്തണ്ടിന്റെയും. ഓരോ നിമിഷവും തെരുവില്‍ നിന്നും തെരുവിലേക്ക് പാടി നീങ്ങുന്ന പുല്ലാങ്കുഴലിന്റെ പ്രാര്‍ത്ഥന ഇതാണ്, അറ്റുപോന്ന മുളങ്കൂട്ടത്തിലേക്ക് മടങ്ങി ചെല്ലാന്‍. ആ മുളങ്കാട്ടില്‍ എകതയുടെ പ്രാര്‍ഥനയില്‍ നിറയാന്‍. പുല്ലാങ്കുഴല്‍ നമുക്ക് പ്രണയത്തോട് ചേര്‍ത്ത് വായിക്കാവുന്ന ഒരു ഉപകരണം. റൂമിക്ക് അങ്ങനെയല്ല. അത് റൂമി തന്നെയാണ്. മറ്റൊരു തലത്തിലൂടെ ചിന്തിക്കുമ്പോള്‍ നമുക്കുള്ളില് ജീവിക്കുന്ന ആണോ പെണ്ണോ അല്ലാത്ത ആ ആള്‍ തന്നെയാണ്. നാം ബാഹ്യതലത്തില്‍, ബോധമനസ്സിലൂടെ ചിന്തിച്ചു, ക്രിയകളില്‍ മുഴുകി ജീവിച്ചു പോകുമ്പോള്‍ ആന്തരീക തലത്തിനൊരു ദു:ഖമുണ്ട്, യാതൊന്നില്‍ നിന്നാണോ അടര്‍ന്നു പോന്നത് അവിടേക്ക് മടങ്ങി ചെല്ലാന്‍. ആ എകതയില്‍ പരമമായ ശാന്തി അനുഭവിക്കാന്‍. പക്ഷെ അത് ബാഹ്യ മനുഷ്യന്റെ തടവിലാണ്. ഉടലിന്റെ തടവിലാണ്. ഉടലോ ഉടലുകലായി മാറി സമൂഹത്തിന്റെ തടവിലും. അങ്ങനെ ഈ ലോകം തടവറയായി മാറുന്നു. ആ ശ്വാസം മുട്ടലില്‍ നിന്നും മടങ്ങാന്‍ ആന്തരീക മനുഷ്യന്‍ ഓരോ നിമിഷവും പ്രാര്‍ത്തിക്കുന്നു . ഈ അഴുക്കില്‍ നിന്നും ഒരു മോചനം വേണമെന്ന്. അങ്ങനെ ഒരു മോചനം വേണമെങ്കില്‍ ഉടലിന്റെ ആഗ്രഹങ്ങളെ വലിച്ചെറിയണം. അഹങ്കാരം അജ്ഞത ഒക്കെ എറിഞ്ഞുടക്കണം. ഓരോ അധരത്തിലും പുല്ലാങ്കുഴല്‍ പ്രാര്‍ത്തിക്കുന്നു:" എന്നെ മോചിപ്പിക്കൂ..."

അതുതന്നെയാണ് നമുക്കുള്ളില്‍ വീര്‍പ്പു മുട്ടുന്ന ആത്മാവിന്റെയും അവസ്ഥ. റൂമി പാടുന്നത് ഇങ്ങനെ:
മകനേ, നിന്റെ ചങ്ങലകള്‍ പൊട്ടിച്ചെറിയൂ.
ഇനിയുമെത്രനാള്‍ പൊന്നിന്റെയും വെള്ളിയുടേയും
ദാസനായിക്കഴിയും?
സമുദ്രത്തെ നിനക്ക് ഒരു പാനപാത്രത്തില്‍
നിറയ്ക്കാന്‍ കഴിയുമോ?
അത്യാഗ്രഹിയുടെ കണ്ണ്
ഒരിയ്ക്കലും തൃപ്തിയടയില്ല.
ചിപ്പി സംതൃപ്തനായാല്‍ മാത്രമേ
അതില്‍ മുത്തുനിറയൂ.
ഒരുവനിലെ അത്യാഗ്രഹങ്ങളുടെ
കുപ്പായം കീറിയെറിയും വരേയ്ക്കും
അവന്‍ സ്നേഹിക്കപ്പെടാന്‍ അയോഗ്യന്‍.

കുപ്പായം കീറിയെറിഞ്ഞു നടന്നു നീങ്ങുന്നവരാണ് സൂഫികള്‍. കുപ്പായം എന്ന് പറയുമ്പോള്‍ അത് പരുത്തി കൊണ്ടുള്ളതല്ല. ദെഹെശ്ചകള്‍ തന്നെ. യാത്രയില്‍ കാറ്റിന്റെ ഭാഷ പ്രണയത്താല്‍ തുടിക്കുന്നു. അവരോ പരമമായ പ്രണയത്തിലേക്കും. ഇവിടെയാണ്‌ ഷംസുദ്ദീനും റൂമിയും തമ്മിലുള്ള ബന്ധത്തിന്റെ ആഴമറിയാനാകുക. റൂമി എന്താണോ തേടി കൊണ്ടിരുന്നത് അത് ഷംസുദ്ദീനില്‍ ദര്‍ശിച്ചു. അവിടെ റൂമിയും ഷംസുദ്ദീനും ഉടലുകളുടെ തലത്തിലൂടെ നോക്കുമ്പോള്‍ പുരുഷന്മാര്‍, അല്ലെങ്കില്‍ വെറും തമ്പുകള്‍. ഉടലിനു ഉടലിനോടോ, തംബിനു തംബിനോടോ ഒന്നുമില്ല. അതിനുള്ളില്‍ കത്തുന്ന വിളക്കാണ് യഥാര്‍ത്ഥ ഷംസുദ്ദീനും റൂമിയും. ഇരുട്ടില്‍ എങ്ങനെയാണോ നാളങ്ങള്‍ തമ്മില്‍ ചേര്‍ന്ന് വലുപ്പം വയ്ക്കുന്നത് അതുതന്നെയാണ് അവരിലും. ഇരുട്ടില്‍ വെളിച്ച സാന്ദ്രതയാല്‍ വിളക്ക് എങ്ങനെയാണോ അപ്രത്യക്ഷമാകുക അതുപോലെ അവരുടെ ഉടലുകളും.
റൂമിയെയും ഷംസുദ്ദീനെയും നമുക്ക് ഒരുമിച്ചു കാണാവുന്നത്‌ സൂഫി വര്യനായ മന്‍സൂര്‍ അല്‍ ഹല്ലാജിലാണ് (A. D 858- 913) സ്വന്തം വിശ്വാസത്തില്‍ രക്ത സാക്ഷ്യം വഹിച്ച മഹാ വൃക്ഷം. സാമാന്യ ബുദ്ധിക്ക് ഉള്‍ കൊള്ളാനാവാത്ത പ്രഖ്യാപനം ആയിരുന്നു ഹല്ലാജിന്റെത്. അദ്ദേഹം പറഞ്ഞു : "അനല്‍ ഹഖ് " ( ഞാന്‍ അല്ലാഹുവാണ് ) അത് തന്നെയാണ് യോഗിയും പറയുന്നത് : "അഹം ബ്രഹ്മാസ്മി " ഭാഷയാണ് ഒന്നിനെ പലതാക്കുന്നത്. ഇക്കാലത്തും യോഗിയെ സൂഫിയെ നമുക്ക് അംഗീകരിക്കാന്‍ കഴിയുന്നില്ല. പ്രണയിച്ചു കല്യാണം കഴിക്കുകയും മതം മാറുകയും ലവ് ജിഹാദ് എന്ന് പറഞ്ഞു നേരം കളയുകയും സമൂഹത്തില്‍ ഭിന്നിപ്പ് ഉണ്ടാക്കുകയും ചെയ്യുന്ന അല്‍പ്പ ബുദ്ധികള്‍ സൂഫിയെ, യോഗിയെ പഠിക്കട്ടെ.
"അല്ലയോ പരിശുദ്ധപ്രണയമേ,
നീയാണ് ഞങ്ങളുടെ വൈദ്യന്‍.
ദുരഭിമാനത്തിനും, നാട്യങ്ങള്‍ക്കും
മറുമരുന്നും നീ.
നീ തന്നെ ഞങ്ങളുടെ പ്ലേറ്റോയും ഗാലനും.
അചഞ്ചലനായ പര്‍വതവും
പ്രണയത്താല്‍ ആനന്ദനൃത്തമാടും!
സീനാമലയ്ക്ക് ജീവന്‍നല്‍കിയ സ്നേഹത്താലാണ്

മൂസാനബി ബോധരഹിതനായതും .
എന്‍റെ അധരങ്ങളില്‍ പ്രണയിയുടെ
ചുംബനം ലഭിച്ചാല്‍ ഞാനുമൊരു
പുല്ലാങ്കുഴലായി മാറും .
എന്നാല്‍ പ്രാണപ്രിയനില്‍നിന്ന്
വേര്‍പെട്ടവന്‍ മൂകനായ്‌ മാറും.
പനിനീര്‍പ്പൂവ് കൊഴിയുകയും
പൂന്തോപ്പ്‌ വാടുകയും ചെയ്‌താല്‍
വാനമ്പാടി പാട്ടു നിര്‍ത്തും.
സ്നേഹം നഷ്ടപ്പെട്ടവന്‍
ചിറകൊടിഞ്ഞപക്ഷിയായ്‌ മാറും.
വാക്കുകള്‍ക്ക് അര്‍ത്ഥവും ഗുണവും കിട്ടാന്‍
ആസ്വദിക്കുവാനുള്ള ഹൃദയം വേണം.
പ്രതിഛായ ഉണ്ടാവില്ലെന്കില്‍
പിന്നെ കണ്ണാടിയെന്തിന്!
അത് പൊടിയാല്‍ മറഞ്ഞിരിക്കുന്നു.
സ്നേഹത്തിന്‍റെ ചെറുകാറ്റുപോലും
ഏശാത്തതിനാലാണ് അതില്‍
പ്രതിബിംബം തെളിയാത്തത് . "
ഹല്ലാജിന്റെ വെളിപാടിനു കുര്‍ ആന്‍ സാക്ഷ്യമാണ്. " നീ നിന്നെ അറിഞ്ഞാല്‍ എന്നെ അറിഞ്ഞു പിന്നെ നീ ചിന്തിക്കുന്നതും പ്രവര്‍ത്തിക്കുന്നതും ഞാനാകുന്നു."
ഞാന്‍ എന്ന് ഉദേശിക്കുന്നത് പരാശക്തിയെ. യാതോരാള്‍ പരാശക്തിയെ അന്വേഷിക്കുന്നുവോ ആ ആള്‍ ആദ്യം സ്വയം അറിയണം. ഉടല്‍ എന്ന നിലക്കല്ലാതെ ആ ആള്‍ ആരെന്നു അറിയുക. ഉദാഹരണത്തിന്‌ ഉള്ളിയുടെ തോട് ഉരിഞ്ഞു ആ അകക്കാംബിലേക്ക്‌ എത്തുന്നത് പോലെ. ഉള്ളിയുടെ സത്യം ആ കാമ്പ് എന്ന പോലെ നമ്മുടെ സത്യം നമ്മില്‍ ഉള്ള ആ കാമ്പ് തന്നെ. ആ കാംബിന്റെ ലിങ്ക് പരാശക്തിയുമായി ബന്ധിച്ചിരിക്കുകയാണ്‌. കുര്‍ ആനിലൂടെ പരാശക്തി പറയുന്നു , അവന്റെ ആത്മാവിന്റെ ഒരംശം നമ്മില്‍ ഊതിയെന്ന്. അപ്പോള്‍ ആ അംശത്തെ നമുക്ക് ജ്വലിപ്പിചെടുക്കാം . വീട്ടില്‍ കത്തുന്ന ബള്‍ബിലെ കരണ്ട് ഇടുക്കിയില്‍ ഉല്പാദിപ്പിക്കുന്ന ജനരെട്ടരില്‍ നിന്നും വരുന്നത് പോലെ. പരമമായ ഊര്‍ജത്തിന്റെ ഒരു രേഖയിലാണ് സര്‍വ ചരാചരങ്ങളും. അവിടെ മനുഷ്യനെന്നോ മൃഗമെന്നോ സസ്യങ്ങള്‍ എന്നോ വേര്‍തിരിവില്ല. കരുവാന്‍ ഇരുമ്പ് ആലയില്‍ വച്ച് പഴുപ്പിച്ചു തല്ലിയെടുക്കുന്നത് പോലെ നമുക്ക് നമ്മുടെ ആ കാമ്പിനെ ഊതി കാച്ചിയെടുക്കാം. അപ്പോള്‍ ആ പരാശക്തിയുമായുള്ള ബന്ധം ദൃഡമാകുന്നു .
റൂമി പുല്ലാങ്കുഴലിലൂടെ നമ്മെ അവതരിപ്പിക്കുന്നു. മുളന്തണ്ട് എന്തെന്ന് അറിയണം എങ്കില്‍ മുളങ്കാടിനെ അറിയണം. അങ്ങനെ അറിവിന്റെ പാതയിലേക്ക് തിരിക്കണം എങ്കില്‍ ആദ്യം അടിമത്തം വലിച്ചെറിയണം. റൂമി പറയുന്നതും അങ്ങനെ, മകനെ, നിന്റെ ചങ്ങലകള്‍ പൊട്ടിചെറിയൂ. ഇനിയുമെത്ര നാള്‍ നീ പൊന്നിന്റെയും വെള്ളിയുടെയും ദാസനായി കഴിയും...

ലോകം പരാശക്തിയില്‍ നിന്നുമകന്ന ഇരുണ്ട കാലഘട്ടത്തിലാണ് സൂഫിസം പുഷ്പ്പിക്കുന്നത്. യാതൊരു സുഖഭോഗങ്ങള്‍ക്കും അതീതമായ സുഖം പരാശക്തിയുടെ സാമീപ്യമെന്നു സൂഫികള്‍ പ്രഖ്യാപിച്ചു. പതിമൂന്നാം നൂറ്റാണ്ടു ക്രൂരതയുടെത് ആയിരുന്നു. മംഗോള്‍ ആക്രമണത്തില്‍ ആ പ്രദേശം പാടെ തകര്‍ന്നു. ധര്‍മവും സത്യവും നഷ്ടപ്പെട്ടു ഭീകരമായൊരു തകര്‍ച്ചയുടെ വക്കിലായിരുന്നു അക്കാലത്തെ ഇസ്ലാം. ആ ഇരുട്ടില്‍ റൂമിയും റൂമിയുടെ രചനകളും പ്രകാശമായി മാറുകയായിരുന്നു. അതേ വരള്‍ച്ച, അക്രമം, ക്രൂരത ഏറെക്കുറെ ഇക്കാലത്തും പ്രകടമാണ്. അതിനു കാരണം ഹല്ലാജുമ് റൂമിയും യോഗികളും നമുക്ക് അപരിചിതര്‍ ആയി എന്നിടത്താണ്. ഇന്ന് ഇസ്ലാമില്‍ മാത്രമല്ല അപചയം മറ്റു മതങ്ങളിലും വ്യാപിച്ചിരിക്കുന്നു . മത ഇസ്ലാം, രാഷ്ട്രീയ ഇസ്ലാം എന്ന തലത്തിലേക്ക് ഇസ്ലാമിനെ കൊണ്ട് പോയിരിക്കുന്നു. അതുതന്നെയാണ് ഇതര മതങ്ങളിലും കാണുന്നത്. മനുഷ്യന്‍ ഭൌതീകതയുടെ ക്രൂരമായ തലത്തില്‍ ധര്‍മവും നീതിയും നഷ്ടപ്പെട്ടു ഉഴറി നടക്കുന്നു. ഭൌതീകത മാത്രം സത്യമെന്നും അതില്‍ രമിച്ചും ആന്തരീകമായ തലത്തില്‍ നിന്നും ബഹിഷ്ക്രുതര്‍ ആകുകയും ചെയ്തിരിക്കുന്നു. പുതു സാമ്പത്തീക ആധിപത്യമെന്നാല്‍ നവ കൊളോണലിസം തന്നെ. സാമ്രാജ്യത്വം നേരിട്ട് ഭരിക്കാതെ അവരുടെ ദല്ലാള്‍ വഴി നാലാം ലോകത്തെ കാല്കീഴെ നിര്‍ത്തുന്നു. ഏറ്റവും അപകടകരമായി നമ്മെ സാമ്പത്തീക കെണിയില്‍ പെടുത്തിയിരിക്കുന്നു.ഇന്ത്യ പോലുള്ള ഒരു രാജ്യത്ത്‌ അധിനിവേശത്തിനു ചുവടുറപ്പിക്കണം എങ്കില്‍ ഇവിടത്തെ ധര്‍മം നീതി ഒക്കെ നശിക്കെണ്ടതുണ്ട്. അതായത് ഇന്ത്യ ഒരിക്കലും ഒരു വന്‍ ശക്തിയായി വളരാതിരിക്കാന്‍, നമ്മുടെ നാനാത്വത്തില്‍ ഏകത്വം എന്ന ജീവന്‍ തകര്‍ക്കുന്നു. അതിനു കണ്ടെത്തിയ മാര്‍ഗമാണ് ജാതി മത വിദ്വേഷം, മത വര്‍ഗീയത, ഭീകരത.... ഒരു ജനത പരസ്പരം പൊരുതുകയും, സംശയത്തിലെക്കും ഭീതിയിലെക്കും കൂപ്പു കുത്തുമ്പോള്‍ രാജ്യത്തിന്റെ തകര്‍ച്ച പൂര്‍ണമാകുന്നു. അതിനുള്ള മാര്‍ഗം എന്ന നിലക്കാണ് ആദ്യം അക്ഷരങ്ങളെ നമ്മില്‍ നിന്നും അടര്‍ത്തി മാറ്റി ടെലിവിഷന്‍ പോലുള്ള കാഴ്ച്ചയുടെ ലോകത്ത് എത്തിച്ചു മസ്തിഷ്കം തകര്‍ക്കുന്നത്. ഏറെക്കുറെ അവര്‍ അതില്‍ വിജയിച്ചിരിക്കുന്നു. ഇവിടെയാണ്‌ സൂഫിസത്തിന്റെ പ്രസക്തി. പക്ഷെ ലോകം സൂഫിസത്തെ അംഗീകരിക്കുന്നില്ല. ഒരാള്‍ സൂഫിയുടെ പാതയിലേക്ക് നീങ്ങുന്നിടത്തു നിരാസമുണ്ട്. ആദ്യം പുസ്തകങ്ങളെ നിരസിക്കുക, അത് പൌരോഹിത്യത്തെ തന്നെയാണ് ചോദ്യം ചെയ്യുന്നത്.

സൂഫിക്ക് ഇസ്ലാം ഒരു മതമല്ല. ഇസ്ലാം എന്നതിന്റെ അര്‍ഥം തന്നെ സത്യം എന്നാണ്. സത്യത്തിനു ഒരു മതമായിരിക്കാന്‍ ആവില്ല. സത്യം എങ്ങനെയാണ് പൌരോഹിത്യത്തിന്റെ പുസ്തകങ്ങളുടെ ചട്ട കൂടില്‍ ഒതുങ്ങുക. സത്യത്തിനു ജാതി മതമോ രുചിയോ ഇല്ല. അവിടെയാണ് റൂമിയുടെ ഗ്രന്ഥശേഖരം കുളത്തില്‍ എറിഞ്ഞ ഷംസുദ്ദീനെ പരിച്ചയപ്പെടെണ്ടത്. റൂമി എന്തായിരുന്നുവോ അത് തന്നെയാണ് ഷംസുദ്ദീനും. അവരെ ഒരുമിച്ചു അല്‍ ഹല്ലാജില്‍ കാണാം. അല്‍ ഹല്ലാജിനെ പരാശക്തിയിലും. സൂഫി താന്‍ പരാശക്തിയാണ് എന്ന് പറയുമ്പോള്‍ പരാശക്തിയെ അനുഭവിക്കുകയാണ്. അവിടെ സാധാരണക്കാര്‍ക്ക് വഴി തെറ്റും. അവര്‍ സൂഫിയെ ദൈവ തുല്യനായി കണ്ടു ആരാധിക്കാന്‍ തുടങ്ങുന്നു. മറ്റു ചിലര്‍ സൂഫികളെ ഭ്രാന്തരായി കണ്ടു കല്ലെറിയുന്നു. രണ്ടും ശരിയല്ല.
റൂമിയും ഷംസുദ്ദീനും തമ്മില്‍ ഉണ്ടായിരുന്ന ബന്ധം പ്രണയം തന്നെ.
അത് ആണും പെണ്ണും തമ്മിലെ ആകാവൂ എന്ന് ശഠിക്കുക ഭൌതീക തല പ്രണയമാണ്. പ്രണയം എന്ന പദത്തോട് പോലും ഒരു തരം അസ്വസ്ഥത വച്ച് പുലര്‍ത്തുന്ന ലോകത്തിനു റൂമിയുടെയും ശംസുദ്ദീന്റെയും പ്രണയത്തെ ഉള്‍കൊള്ളാന്‍ ആവില്ല. യഥാര്‍ത്ത അനുരാഗി മറ്റേ ആളില്‍ ദര്‍ശിക്കുക തന്നെ തന്നെയാണ്.

"നിന്‍റെ ഹൃദയം എന്നാണോ
അഹംഭാവത്തില്‍നിന്നും
മുക്തമാകുന്നത്,
അന്നുനിനക്ക് നിന്‍റെ
ശാശ്വതനായ പ്രിയനെ
ദര്ശിയ്ക്കാനാവുന്നു.
കണ്ണാടിയില്ലാതെ നിനക്ക്
നിന്നെ കാണാന്‍ സാധ്യമല്ല.
നീ നിന്‍റെ പ്രിയനെ നോക്കൂ,
ഏറ്റവും തെളിച്ചമുള്ള
കണ്ണാടിയാണവന്‍ "

റൂമിയുടെ ദര്‍ശനം അങ്ങനെയാണ്. അത് തന്നെയല്ലേ സ്വാമി വിവേകാനന്ദന്‍ പറയുന്നതും. ഒരാള്‍ പ്രണയിക്കുന്നത്‌ തന്റെ സൌന്ദര്യത്തെ മറ്റേ ആളില്‍ നിക്ഷേപിച്ചുകൊണ്ട്‌. അപ്പോള്‍ മറ്റേ ആളില്‍ ദര്‍ശിക്കുക തന്നെ തന്നെയാണ്. സൌന്ദര്യം എന്നത് സാധാരണക്കാര്‍ക്ക് ആശയം വ്യക്തമാകാന്‍ ഉപയോഗിച്ചെന്നു മാത്രം. സൌന്ദര്യം എന്നത് ആത്മാവ് തന്നെ. അവിടെയാണ് പ്രണയിക്കുമ്പോള്‍ തന്റെ കാമിനി എത്ര വിരൂപ ആയാലും സുന്ദരിയായി അനുഭവപ്പെടുന്നത്. പ്രണയം എന്നത് കേവലം ഉടലുകള്‍ തമ്മിലുള്ള ബന്ധമോ ദേഹേശ്ചകളുടെ പ്രകടനമോ അല്ല. പ്രണയത്തില്‍ കാമം ഇല്ല. യഥാര്‍ത്ഥ പ്രണയം തന്നിലുള്ള തന്നെ മറ്റേ ആളില്‍ അര്‍പ്പിക്കലാണ്. അവിടെ ആന്തരീക മനുഷ്യര്‍ തമ്മില്‍ ലയിച്ചു ഒന്നാവുന്നു. ഇവിടെ റൂമി ഷംസുദ്ദീന്‍ ആയി മാറുന്നു. റൂമിയുടെ പുല്ലാങ്കുഴല്‍ ഒരേ സമയം റൂമിയും ശംസുദ്ദീനുമാണ്. അതുവഴി പ്രണയം പാടി കൊണ്ടേയിരിക്കുന്നു.



(കവിതകള്‍ : ഡോ. എം.പി.സലില.)

2 comments:

sreeparvathy November 20, 2009 at 11:58 PM  

pranayam.....mazha pole padarunnu... vyathsathamayoru vaayana, nannayi kareem maashe lekhanam

Irshad December 14, 2009 at 5:20 PM  

വളരെ നല്ല ലേഖനം.

തീര്‍ച്ചയായും പ്രണയം തന്റെ തന്നെ ഒരു പൂരണമാണ്. അപൂര്‍ണ്ണതയില്‍ നിന്നും പൂര്‍ണ്ണതയിലെക്കുള്ള വഴി. പക്ഷെ പൂര്‍ണ്ണത എന്തിനെയാണ് പ്രണയിക്കുന്നതു എന്നതിനെക്കൂടി ആശ്രയിച്ചിരിക്കുന്നു. അനല്‍-ഹഖ് എന്ന അവസ്ഥയിലെത്താന്‍ പെണ്ണിനെയും പണത്തെയും പ്രേമിച്ചിട്ടു കാര്യമില്ലല്ലോ.

എന്തിനെയാണോ നാം പ്രണയിക്കുന്നതു, പ്രണയത്തിന്റെ പാരമ്യത്തില്‍ നാം അതായി തീരുന്നു. അതുകൊണ്ടാണ് ആ അവസ്ഥയില്‍ ഏകനാണ് എന്നു പറയുക.

എന്റെ ഓരോ അണുവിലും നീയാണെങ്കില്‍ പിന്നെ ഞാനില്ല. നീ മാത്രം. എന്നു വെച്ചാല്‍ ഞാന്‍ തന്നെയാണ് നീ.

പ്രണയിക്കുന്നതു ദൈവത്തെയാണെങ്കില്‍ അനല്‍ ഹഖ് എന്ന അവസ്ഥയിലേക്കെത്തും.

ഓടോ: സൂഫിസത്തിന്റെ അഭിനവ രൂപങ്ങളായ ചില തരീഖത്താണ് തീവ്രവാദം വളര്‍ത്തുന്നതെന്നാണ് പുതിയ വാര്‍ത്തകള്‍ . ലൌ-ജിഹാദ് പോലെ സൂഫി-ജിഹാദും ഒരു ചേര്‍ച്ചയില്ലാത്ത വിരുദ്ധ പദങ്ങളുടെ കൂട്ടുചേരല്‍ തന്നെ.